കേപ്ടൗണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഫൈനലില്‍. അഞ്ചു റൺസിനാണ് ഇന്ത്യൻ വനിതകളുടെ തോൽവി. ഓസ്ട്രേലിയ ഉയർത്തിയ 173 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ അവസാനിച്ചു.
അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമിമ റോഡ്രിഗ്‌സും ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ചിരുന്ന ഇന്ത്യ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിൻ്റെ അപ്രതീക്ഷിത റൺ ഔട്ടോടു കൂടി കളി ഓസീസ് വനിതകൾക്ക് അടിയറവു വയ്ക്കുകയായിരുന്നു. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്ന ഇന്ത്യക്കു 10 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ, നാല് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ഓപ്പണർ ബേത്ത് മൂണി (37 പന്തിൽ 54), ക്യാപ്റ്റൻ മെഗ് ലാനിങ് (34 പന്തിൽ 49), ആഷ്‌ലി ഗാർഡനർ (18 പന്തിൽ 31) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോർ നേടിയത്. ഒന്നാം വിക്കറ്റിൽ ഓപ്പണർമാരായ അലീസ ഹീലിയും (25 പന്തിൽ 25) മൂണിയും ചേർന്ന് 52 റൺസാണ് കൂട്ടിച്ചേർത്ത്. രണ്ടാം വിക്കറ്റിൽ മൂണിയും ലാനിങ്ങും ചേർന്ന് 89 റൺസും കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ രണ്ടു വിക്കറ്റും ദീപ്തി ശർമയും രാധ യാദവും ഓരോ വിക്കറ്റ വീതവും നേടി.
മറുപടി ബാറ്റിങ്ങിൽ, ഓപ്പണർ സ്മൃതി മന്ഥന (5 പന്തിൽ 2), ഷെഫാലി വർമ (6 പന്തിൽ 9), യാസ്തിക ഭാട്ടിയ (7 പന്തിൽ 4) എന്നിവർ കാര്യമായ സംഭാവന നൽകാതെ പുറത്തായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ജെമിമ റോഡ്രിഗ്‌സ് – ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഓസീസിനെ പ്രതിരോധത്തിലാക്കി. 24 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 43 റണ്‍സെടുത്ത ജെമിമ 11-ാം ഓവറിൽ ഔട്ട് ആയതോടെ ഓസീസ് വനിതകൾ വീണ്ടും കളിയിലേക്ക് തിരിച്ചു വന്നു.
ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് സ്കോർ മുന്നോട്ടു കൊണ്ടുപോയെങ്കിലും 15-ാം ഓവറില്‍ കാണിച്ച അശ്രദ്ധ ക്യാപ്റ്റന്റെ വിക്കറ്റെടുത്തു. രണ്ടാം റണ്ണിനായി ഓടിയ ക്യാപ്റ്റൻ റൺ ഔട്ടാകുകയായിരുന്നു. 17 പന്തില്‍ നിന്ന് 14 റണ്‍സുമായി റിച്ചാ ഘോഷും മടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. ദീപ്തി ശര്‍മ 17 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു. തോറ്റെങ്കിലും വനിതാ ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയയെ വിറപ്പിച്ച ഇന്ത്യൻ വനിതകൾ തലയുയർത്തി പിടിച്ചു തന്നെ തിരിച്ചു വരാം.