ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിൻ്റെ സംഹാരതാണ്ഡവം. ലിവർപൂളിനെതിരേ അഞ്ചു ഗോൾ വിജയം.

ലിവർപൂൾ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യപാദ പ്രീ ക്വാർട്ടറിൽ ലിവർപൂളിനെ അഞ്ചു ഗോളുകൾക്ക് തകർത്തു വിട്ട് റയൽ മാഡ്രിഡ്. സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് ലിവർപൂൾ വമ്പൻ തോൽവി ഏറ്റു വാങ്ങിയത്. രണ്ടു ഗോളുകൾക്ക് മുമ്പിൽ നിന്നതിനു ശേഷം ആയിരിന്നു ലിവർപൂളിൻ്റെ തോൽവി. വിനിസ്യൂസ് ജൂനിയറും കരീം ബെൻസേമയും റയലിനായി ഇരട്ട ഗോൾ നേടി. മാർച്ച് 16ന് റയലിൻ്റെ ഹോം ഗ്രൗണ്ടായ മാഡ്രിഡിലെ സാന്റിയാഗോ സ്റ്റേഡിയത്തിലാണ് രണ്ടാംപാദ മത്സരം നടക്കുന്നത്.

മത്സരത്തിന്റെ ആദ്യ 15 മിനിറ്റിനുള്ളില്‍ തന്നെ ലിവര്‍പൂള്‍ രണ്ട് ഗോളിന് മുന്നിലെത്തിയതാണ്. നാലാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യൂനസും 14-ാം മിനിറ്റില്‍ മുഹമ്മദ് സലയും ചെമ്പടയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. എന്നാൽ തുടക്കത്തിലെ തിരിച്ചടിയിൽ നിന്നും കരയ്ക്കുകയറിയ റയൽ തിരിച്ചടിച്ചു.21-ാം മിനിറ്റിലും 36-ാം മിനിറ്റിലും നിറയൊഴിച്ച് വിനീഷ്യസ് ജൂനിയര്‍ റയലിന് സമനില സമ്മാനിച്ചു. സമനിലയോടെയാണ് ആദ്യപകുതി ഇരുടീമുകളും അവസാനിപ്പിച്ചത്.

സ്‌പാനിഷ്‌ വമ്പൻമാരുടെ സംഹാരതാണ്ഡവം ആയിരുന്നു രണ്ടാം പകുതിയിൽ ആൻഫീൽഡ് സ്റ്റേഡിയം കണ്ടത്. 47–ാം മിനിറ്റിൽ മിലിറ്റാവോയിലൂടെയായിരുന്നു റയലി‍ന്റെ മൂന്നാം ഗോൾ. 55-ാം മിനിറ്റിലും 67-ാം മിനിറ്റിലും ലക്ഷ്യം കണ്ട് ബെന്‍സേമ റയലിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു.

ഈ വിജയത്തോടെ റയലിന് ലിവര്‍പൂളിന് മേല്‍ ആധിപത്യം വന്നു. രണ്ടാം പാദ മത്സരത്തില്‍ വമ്പന്‍ വിജയം നേടിയാല്‍ മാത്രമേ ലിവര്‍പൂളിന് ക്വാര്‍ട്ടറിലേക്ക് മുന്നേറാനാകൂ. റയലിൻ്റെ സ്വന്തം ഹോം ഗ്രൗണ്ടിൽ ചെമ്പടയ്ക്കു ജയിക്കണമെങ്കിൽ ശരിക്കും വിയർക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!