ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയിൽ നിർണായക മത്സരത്തിൽ പഞ്ചാബിനോട് സമനിലയിൽ കുരുങ്ങി നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി 11 പോയിന്റോടെ പഞ്ചാബ് സെമിയിൽ കയറി. ഇന്നലെ നടന്ന മത്സരത്തിൽ ഒഡീഷയോട് 2–2 സമനില പിടിച്ച് 9 പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി കർണാടകയും സെമിയിലെത്തി. മാർച്ച് ഒന്നിന് സെമി ഫൈനൽ മത്സരങ്ങളും മാർച്ച് നാലിന് ഫൈനലും സൗദി അറേബ്യയിൽ നടക്കും.
കേരളത്തിനായി വിശാഖ് മോഹനനും പഞ്ചാബിനായി കമല്‍ദീപ് ഷെയ്ഖും ഗോളടിച്ചു. വിജയത്തിനായി പൊരുതി കളിച്ചിട്ടും ലീഡുയർത്താൻ കേരളത്തിനായില്ല. പരുക്ക്, പരിചയക്കുറവ് എന്നിവയാണ് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കേരളത്തിനു തിരിച്ചടിയായ പ്രധാന പ്രധാന ഘടകങ്ങൾ. 16 പുതുമുഖങ്ങളുമായാണു കേരളം കളിക്കാൻ ഒഡീഷയിലെത്തിയത്.
മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ കേരളം ആക്രമിച്ചു കളിച്ചു. മികച്ച പാസിംഗുകളിലൂടെ മുന്നേറിയ കേരളം 24-ാം മിനിറ്റിൽ തന്നെ പഞ്ചാബിൻ്റെ വല കുലുക്കി. അബ്ദുള്‍ റഹീമിന്റെ പാസ് സ്വീകരിച്ച വിശാഖ് ഗോള്‍കീപ്പര്‍ക്ക് ഒരു സാധ്യതയും നല്‍കാതെ പന്ത് വലയിലെത്തിച്ചു. (സ്കോർ 1-0).
27-ാം മിനിറ്റിൽ പഞ്ചാബിൻ്റെ ഗോൾ എന്നുറച്ച ഒരു ഷോട്ട് ഗോൾ കീപ്പർ മിഥുൻ തട്ടിയകറ്റി രക്ഷകനായി. എന്നാൽ അധികം വൈകാതെ പഞ്ചാബ് തിരിച്ചടിച്ചു. 34–ാം മിനിറ്റിൽ രോഹിത് ഷെയ്ക്കിലൂടെയാണ് പഞ്ചാബിൻ്റെ സമനില ഗോൾ വന്നത്. (സ്കോർ (1-1). ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.
രണ്ടാം പകുതിയിൽ വിജയ ലക്ഷ്യവുമായി ആക്രമിച്ചു കളിച്ച കേരളാ താരങ്ങൾ നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കേരളാ മുന്നേറ്റ നിരയ്ക്ക് വിജയ ഗോൾ നേടാൻ മാത്രം സാധിച്ചില്ല. 87-ാം മിനിറ്റില്‍ കേരളത്തിന്റെ നിജോ ഗില്‍ബര്‍ട്ടിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും നിജോയുടെ ഷോട്ട് പഞ്ചാബ് ഗോള്‍കീപ്പര്‍ അത്ഭുതകരമായി തട്ടിയകറ്റി കേരളത്തിൻ്റെ സെമി മോഹങ്ങൾ അവസാനിപ്പിച്ചു.
കോഴിക്കോട്ടു നടന്ന ആദ്യ റൗണ്ടിൽ 5 കളിയും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഫൈനൽ റൗണ്ട് ഉറപ്പിറപ്പിച്ചത്. 24 ഗോളടിച്ചപ്പോൾ വഴങ്ങിയതു രണ്ടെണ്ണം മാത്രം. എന്നാൽ ഭുവനേശ്വറിലെത്തിയതോടെ കളി മാറി. ഫോർവേഡ് ജോൺ പോൾ ജോസ്, മിഡ്ഫീൽഡർ ഗിഫ്റ്റി ഗ്യേഷസ്, ഡിഫൻഡർമാരായ ജി.സഞ്ജു, സച്ചു സിബി എന്നിവർ പരുക്കിന് പരുക്കിന്റെ പിടിയിലായി. അവർക്കു പറ്റിയ പകരക്കാരെ കണ്ടു പിടിക്കാനും കേരളത്തിന് സാധിച്ചില്ല. ഇതോടെ കേരളത്തിന് ഭുവനേശ്വറിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല.