ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് ഒഡീഷയ്ക്കെതിരെ ഒരു ഗോളിൻ്റെ വിജയം. നിർണായക മത്സരത്തിൽ പെനാൽറ്റിയുടെ രൂപത്തിലാണ് കേരളത്തിൻ്റെ ഗോൾ നേട്ടം. ഇതോടെ ഗ്രൂപ്പിൽ 7 പോയിന്റോടെ കേരളം മൂന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക. കേരളത്തിൻ്റെ അടുത്ത മത്സരം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബുമായിട്ടാണ്.
വിജയം ഇരുകൂട്ടര്‍ക്കും അനിവാര്യമായതിനാല്‍ ആദ്യ മിനിറ്റുതൊട്ട് കേരളവും ഒഡിഷയും ആക്രമിച്ചു കളിച്ചു. 16–ാം മിനിറ്റിൽ കേരളത്തിനു കിട്ടിയ ആദ്യ കോർണറിൽ നിന്നാണു പെനൽറ്റി വന്നത്. കോർണറിൽ നിന്നു വന്ന ബോൾ വൈശാഖ് മോഹനൻ തിരികെ ബോക്സിലേക്കു ഹെഡ് ചെയ്തെങ്കിലും ഒഡീഷ താരം ചന്ദ്ര മോഹൻ മുർമുവിന്റെ കയ്യിൽ കൊണ്ടു– ഹാൻഡ് ബോൾ. റഫറി പെനാൽറ്റി വിധിച്ചു. പെനാൽറ്റി എടുത്ത നിജോ ഗില്‍ബര്‍ട്ട് അനായാസം ഗോൾ ആക്കി. (സ്കോർ 1-0). ഫൈനല്‍ റൗണ്ടിലെ നിജോയുടെ മൂന്നാം ഗോള്‍ കൂടിയാണിത്.
ഒഡീഷയുടെ ആക്രമണം, കേരളത്തിൻ്റെ പ്രതിരോധം:
ഗോൾ നേടിയതോടെ ഒഡീഷ നിരന്തരം ആക്രമിച്ചു കളിച്ചു. ഒഡീഷയുടെ എല്ലാ ഗോൾ അവസരങ്ങളും കേരളാ പ്രതിരോധത്തിൽ തട്ടി പരാജയപെട്ടു. മികച്ച പ്രകടനം ആണ് കേരളാ പ്രതിരോധം കാഴ്ച വച്ചത്. ഗോള്‍ നേടിയതൊഴിച്ചാല്‍ കാര്യമായ മുന്നേറ്റങ്ങള്‍ ആദ്യപകുതിയില്‍ കേരളത്തില്‍ നിന്നുണ്ടായില്ല. രണ്ടാം പകുതിയില്‍ ആക്രമണത്തിന് പകരം പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് കേരളം പുറത്തെടുത്തത് അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഒഡിഷ പരമാവധി ശ്രമിച്ചിട്ടും ഗോളടിക്കാനായില്ല. ഈ തോല്‍വിയോടെ ഒഡിഷയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചു.
കേരളത്തിൻ്റെ സെമി ഫൈനൽ സാദ്ധ്യതകൾ.
ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനക്കാരായ പഞ്ചാബിന് 10 പോയിന്റും കർണാടകയ്ക്ക് 8 പോയിന്റും ആണ്. കേരളത്തിന് 7 പോയിന്റ് മാത്രമാണ് ഉള്ളത്. എല്ലാവർക്കും ഒരു കളി ആണ് ബാക്കിയുള്ളത്.
കർണാടക ഒഡിഷയോടു തോൽക്കുകയോ സമനില ആകുകയോ ചെയ്യുകയും കേരളം പഞ്ചാബിനെ തോൽപ്പിക്കുകയും ചെയ്താൽ കേരളത്തിന് സെമി ഫൈനൽ കളിക്കാം.
“അല്ലെങ്കിൽ”
കർണാടക ഒഡീഷയെ തോൽപ്പിച്ചാൽ പഞ്ചാബിനെ നല്ല ഗോൾ വ്യത്യാസത്തിൽ തോൽപ്പിച്ച് കേരളത്തിന് സെമി ഉറപ്പിക്കാം. ഇപ്രാവശ്യത്തെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സൗദി അറേബ്യയിൽ ആണ് നടക്കുക.