കൊച്ചി: ഒന്നും സംഭവിച്ചില്ല. ലീഗിലെ അവസാന മത്സരത്തിൽ ഹൈദെരാബാദിനെതിരെ തോൽവിയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാർ ബ്ലാസ്‌റ്റേഴ്‌സിനെ തോല്പിച്ചത്. അതോടെ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിൽ നടക്കുന്ന പ്ലേ ഓഫ് മത്സരം ബെംഗളുരുവിൻ്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടക്കും. ഇതിനു മുൻപ് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന ബെംഗളൂരു- ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിൽ കടന്ന ഹൈദരാബാദിന് ഈ മത്സരം അപ്രസക്തമായിരുന്നു. ശക്തരായ ഹൈദരാബാദിനെ 4 ഗോൾ വിത്യാസത്തിൽ തകർത്തു ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി ഹോം ഗ്രൗണ്ടിൽ പ്ലേ ഓഫ് കളിക്കാം എന്നുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മോഹങ്ങൾക്ക് തിരിച്ചടിയായാണ് കൊച്ചിയിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് ഒരു ഗോളിന് ജയിച്ചത്. 25000-ത്തോളം കാണികളെ സാക്ഷിയാക്കിയാണ് കേരളം ബ്ലാസ്റ്റേഴ്സിൻ്റെ തുടർച്ചയായ മൂന്നാം തോൽവി.
ഹോം ഗ്രൗണ്ടിൽ വലിയ ജയം പ്രതീക്ഷിച്ചു ബ്ലാസ്റ്റേഴ്‌സ്:
വൻ മാർജിനിൽ ജയിക്കണമെന്ന മോഹവുമായി തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. ലൂണയും ദിമിത്രിയോസും ഇവാൻ കല്യൂഷ്നിയും ആദ്യ ഇലവനിൽ തന്നെ ഇറങ്ങി. കളിയിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടു നിന്നെങ്കിലും അവസരങ്ങൾ മുതലാകുന്നതിൽ മുന്നേറ്റനിര പരാജയപ്പെട്ടു. സസ്‌പെന്ഷനിലായിരുന്ന രാഹുൽ കളിച്ചില്ല. കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ബ്രാൻഡ് അംബാസിഡർ സഞ്ജു സാംസൺ കളി കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
അപ്രസക്ത മത്സരവുമായി ഹൈദരാബാദ്:
നേരത്തെ തന്നെ സെമി ഫൈനലിൽ കടന്ന ഹൈദരാബാദിന് ഈ മാച്ച് ഒരു പ്രാക്ടീസ് മത്സരം ആയിരുന്നു. ഓഗ്‌ബച്ചേ അടക്കമുള്ള താരങ്ങൾക്കു വിശ്രമം അനുവദിച്ച ഹൈദരാബാദ് പതിയെയാണ് തുടങ്ങിയത്. 29-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയുടെ പാസില്‍ നിന്ന് ബോര്‍ഹ ഹെരേരയാണ് ഹൈദരാബാദിന്റെ ഗോൾ നേടിയത്. ഹാളിചരൻ നർസാരി ബോക്സിലേക്കു നൽകിയ ക്രോസിനെ ഹൈദരാബാദിന്റെ സ്പാനിഷ് മിഡ്ഫീൽഡർ ബോർഹ ഹെരേര ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയ്ക്ക് നടുവിലൂടെ വലയിലേക്കു ഹെഡ് ചെയ്തു.(സ്കോർ 0-1). പിന്നാലെ 35-ാം മിനിറ്റില്‍ വീണ്ടും കേരളത്തിൻ്റെ വലകുലുങ്ങി. ജോയല്‍ കിയാനിസെ പന്ത് വലയിലെത്തിച്ചെങ്കിലും ഗോള്‍ അനുവദിച്ച ശേഷം താരം ഓഫ്‌സൈഡായിരുന്നുവെന്ന് കണ്ടെത്തിയ റഫറി അത് പിന്‍വലിച്ചു.മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സ് പൊരുതി കളിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. അവസരങ്ങൾ പാഴാകുന്നതിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര മത്സരിച്ചതും ആരാധകരെ നിരാശയിലാഴ്ത്തി.