ഇന്റർ മയാമിക്കു ഇത് സുവർണകാലം. ലീഗ്സ് കപ്പ് ഫൈനലിൽ ചരിത്ര വിജയവുമായി ഇന്റർ മിയാമി കിരീടം സ്വന്തമാക്കി. ആദ്യമായാണ് ഇന്റർ മിയാമി ലീഗ്സ് കപ്പ് ഫൈനലിൽ യോഗ്യത നേടുന്നത്. ആവേശകരമായ മമത്സരത്തിൽ ഷൂട്ട് ഔട്ടിലാണ് മെസ്സിയും സംഘവും കിരീടം ചൂടിയത്. സ്കോർ (9-10). നിശ്ചിത സമയത്ത് 1–1 ന് സമനിലയിൽ പിരിഞ്ഞ മത്സരം ഷൂട്ടൗട്ടിലേക്കു കടക്കുകയായിരുന്നു. നാഷ്വിലിൻ്റെ ഹോം ഗ്രൗണ്ടായ ജിയോഡിസ് പാർക്കിലായിരുന്നു ഫൈനൽ മത്സരം അരങ്ങേറിയത്.
ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മത്സരത്തിൽ 23 –ാം മിനിറ്റിൽ ഇന്റർ മിയാമിയാണ് മെസിയിലൂടെ ആദ്യം വലകുലുക്കിയത്. പെനാൽറ്റി ബോക്സിനു പുറത്തു നിന്നും നാഷ്വിലിന്റെ പ്രതിരോധ നിരയെ വെട്ടിച്ചു ഗോൾ പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് ഒരു ലോങ്ങ് ഷോട്ട്. പന്തു തടയാൻ നാഷ്വിൽ ഗോളി ഇലിയറ്റ് പാനിക്കോ ഡൈവ് ചെയ്തു നോക്കിയെങ്കിലും വിജയിച്ചില്ല. സ്കോർ (1-0).
ഗോൾ മടക്കാൻ സ്വന്തം ഗ്രൗണ്ടിൽ പൊരുതിക്കളിച്ച നാഷ്വിൽ 57–ാം മിനിറ്റിൽ സമനില ഗോൾ പിടിച്ചു. നാഷ്വിലിനു ലഭിച്ച കോർണർ കിക്കിൽ നിന്നാണ് അവരുടെ സമനില ഗോൾ പിറന്നത്. ഫഫപികോട്ടാണ് ഹെഡറിലൂടെ ഗോൾ നേടിയത്. സ്കോർ (1-1). 71–ാം മിനിറ്റില്‍ മയാമിക്കായി ലീഡെടുക്കാൻ മെസ്സിക്ക് അവസരം കിട്ടിയിരുന്നെങ്കിലും ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങി. വിജയ ഗോളിനായി ഇരു ടീമുകളും പൊരുതികളിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. അധിക സമയത്തും സമനിലയായതോടെ മത്സരം ഷൂട്ട് ഔട്ടിലേക്കു നീങ്ങുകയായിരുന്നു.
പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇന്റർ മിയാമിയുടെ ആദ്യ കിക്ക് എടുത്തത് മെസ്സിയായിരുന്നു. പന്ത് ഭദ്രമായി വലയിലെത്തിച്ചു ടീമിന് ആത്മവിശ്വാസം പകരാൻ മെസ്സിക്കായി. ആദ്യ പത്തു കിക്കുകളും വലയിലെത്തിക്കാൻ ഇന്റർ മിയമിക്കായി. നാഷ്വിലിൻ്റെ പത്താം കിക്കെടുക്കാൻ വന്ന അവരുടെ ഗോളി കൂടിയായ എലിയറ്റ് പാണിക്കോയ്ക്ക് പിഴച്ചു. മിയാമിയുടെ ഗോളി ഡ്രേക്ക് കോളെൻഡർ നിഷ്പ്രയാസം കിക്ക് തട്ടിത്തെറിപ്പിച്ചു കിരീടം ഉറപ്പിച്ചു.
ലീഗ്സ് കപ്പ് സെമി ഫൈനലില്‍ ഫിലാഡല്‍ഫിയ യൂണിയനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്റര്‍ മിയാമി 2023 ലീഗ്സ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യമായിട്ടാണ് ഇന്റര്‍ മയാമി ലീഗ്സ് കപ്പിന്റെ ഫൈനലിലെത്തുന്നത്. ഫൈനലിലെത്തിയതോടെ ഇന്റര്‍ മിയാമി 2024 കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടിയിരുന്നു. ഇതാദ്യമായാണ് ഇന്റര്‍ മിയാമി ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടുന്നത്. മെസ്സി യുഎസ് ക്ലബ്ബിൽ ചേർന്ന ശേഷം ഇന്റർ മയാമിയുടെ ആദ്യ കിരീട നേട്ടമാണിത്.
മെസ്സിയുടെ വരവോടെ ലീഗിൽ ഏറ്റവും പുറകിലായിരുന്ന ഇന്റർ മിയാമിക്കു പുത്തനുണർവാണ് ലീഗ്സ് കപ്പിലെ ഈ വിജയം. മെസ്സിയുടെ വരവിനു ശേഷം ഒറ്റ മത്സരത്തിലും ഇന്റർ മിയാമി തോൽവി അറിഞ്ഞിട്ടില്ല. ഗോൾ വേട്ടയിൽ ലീഗ്സ് കപ്പിൽ മെസ്സിയാണ് ഒന്നാം സ്ഥാനത്തു നില്കുന്നത്. ആഗസ്ത് 24-നു എഫ്സി സിൻസിനാറ്റിയുമായി യു എസ് ഓപ്പൺ സെമി ഫൈനലാണ് ഇന്റർ മിയാമിയുടെ അടുത്ത മത്സരം. ഏതായാലും മെസ്സിയുടെ വരവോടെ യു എസ് ഫുട്ബോൾ ലീഗുകൾ പുത്തനുണർവുമായി മുന്നേറുകളായാണ്. കൂടെ ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയും.