കൊൽക്കത്തയിലെ സാൾട്ട് ലേയ്ക്ക് സ്റ്റേഡിയത്തിൽ ഇന്ന് എ ടി കെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാൾ എഫ് സിയും ഏറ്റുമുട്ടുമ്പോൾ ചങ്കിടിപ്പോടെ മത്സരഫലം നോക്കിയിരിക്കുന്നത് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും കളിക്കാരുമാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ “കൊൽക്കത്ത ഡെർബി” എന്ന് വിളിപ്പേരുള്ള കൊൽക്കത്തയിലെ പരമ്പരാഗത ക്ലബ്ബുകൾ തമ്മിലുള്ള മത്സരം കൊൽക്കത്തയിലെ ആരാധകരും ആവേശത്തോടെയാണ് നോക്കികാണുന്നത്. ബ്ലാസ്റ്റേഴ്സിനും എ ടി കെ മോഹൻ ബഗാനും 31 പോയിന്റാണ്. ദുർബലരായ ഈസ്റ്റ് ബംഗാളിനെ തോൽപിക്കാൻ എ ടി കെയ്ക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല. പോയിന്റ് ടേബിളിൽ പത്താം സ്ഥാനമാണ് ഈസ്റ്റ് ബംഗാളിന്.
പ്ലേ ഓഫിൽ സ്വന്തം ഗ്രൗണ്ടിൽ കളിക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആഗ്രഹം നടക്കുമോ എന്ന് ഇന്നറിയാം. എ ടി കെ ഇന്ന് ജയിക്കുകയാണെങ്കിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗണ്ടിൽ പ്ലേ ഓഫ് കളിയ്ക്കാൻ സാധിക്കില്ല. മൂന്നും നാലും സ്ഥാനക്കാർക്കാണ് ഐ എസ് എൽ പ്ലേ ഓഫ് സ്വന്തം ഗ്രൗണ്ടിൽ കളിയ്ക്കാൻ സാധിക്കുക.
ബാംഗ്ലൂർ, എടികെ മോഹൻ ബഗാൻ, കേരളാ ബ്ലാസ്റ്റേഴ്‌സ് പോരാട്ടം
മുംബൈയും ഹൈദെരാബാദും ആദ്യ രണ്ടു സ്ഥാനക്കാരായി സെമി ഫൈനൽ പ്രേവേശനം നേരത്തെ തന്നെ ഉറപ്പിച്ചു. പോയിന്റ് നിലയിൽ നേരിയ വിത്യാസവുമായി ബാംഗ്ലൂരും, എടികെയും, കേരളാ ബ്ലാസ്റ്റേഴ്സും ആണ് മുന്നും നാലും സ്ഥാനങ്ങൾക്കായുള്ള മത്സരത്തിനുള്ളത്. അവസാന മത്സരത്തിലെ തകർപ്പൻ ജയത്തോടെ ബാംഗ്ലൂരാണ് ഈ മത്സരത്തിൽ അല്പം മുന്നിട്ടു നില്കുന്നത്. ഇന്നത്തെ മത്സരത്തിൽ ജയിച്ചു തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനായിരിക്കും എ ടി കെയുടെ എല്ലാ ശ്രമങ്ങളും. എടികെ ഇന്ന് ജയിച്ചാൽ നാളത്തെ മത്സരത്തിൽ ജയിച്ചാലും കേരളാ ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗണ്ടിൽ പ്ലേ ഓഫ് കളിക്കാൻ സാധിക്കില്ല.
ശക്തരായ ഹൈദെരാബാദിനോടാണ് കേരളത്തിൻ്റെ നാളത്തെ മത്സരം. ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് നാളത്തെ മത്സരം നടക്കുന്നത്. ബ്ലാസ്റ്റേഴ്സിൻ്റെ ഭാഗ്യ ഗ്രൗണ്ടാണ് കൊച്ചി. ലീഗിലെ ആദ്യ മത്സരത്തിൽ ഹൈദെരാബാദിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. ഹൈദരാബാദിൻ്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചു കയറിയത്.
കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ സാദ്ധ്യതകൾ:
ഇന്ന് എടികെ മോഹൻ ബഗാൻ സമനിലയിൽ കുരുങ്ങുകയോ തോൽക്കുകയോ ചെയ്യുക എന്നതാണ് ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തെത്താനുള്ള ഏറ്റവും സാധ്യതയുള്ള വഴി. ഇന്ന് എടികെ ജയിക്കുകയാണെങ്കിൽ നാളത്തെ മത്സരത്തിൽ മൂന്ന് ഗോളിൻ്റെയെങ്കിലും വ്യത്യാസത്തിൽ ഹൈദരാബാദിനെ തോല്പിക്കേണ്ടി വരും. എന്നാലേ ബംഗളുരുവിനെ പിന്തള്ളി നാലാം സ്ഥാനത്തു എത്താൻ ബ്ലാസ്റ്റസിനു കഴിയുകയുളളൂ.
നിലവിലെ ഫോമിൽ ഹൈദരാബാദിനെ മൂന്ന് ഗോൾ വ്യത്യാസത്തിൽ തോൽപ്പിക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് നല്ല ബുദ്ധിമുട്ട് തന്നെയായിരിക്കും. ഏതായാലും കൊച്ചിയിൽ പ്ലേ ഓഫ് കളിക്കണമെങ്കിൽ ഭാഗ്യം കൂടി ബ്ലാസ്റ്റേഴ്സിന്റെ പിന്തുണയ്ക്കണം. ഹോം ഗ്രൗണ്ടാണെങ്കിലും അല്ലെങ്കിലും ഈ ഐ എസ് എല്ലിൽ കിരീടം ഉയർത്തും എന്ന വാശിയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാനും സംഘവും.