നാഗ്പൂര്‍: ഓസ്ട്രേലിയയുടെ പടയൊരുക്കങ്ങളെല്ലാം വിഫലം. ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്സില്‍ ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ കംഗാരുപ്പട കുരുങ്ങി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ ഇന്നിങ്സ് വെറും 177 റണ്‍സില്‍ അവസാനിച്ചു.
മറുപടിയില്‍ മികച്ച തുടക്കം ലഭിച്ച ഇന്ത്യ വലിയ ലീഡിലേക്കു മുന്നേറുകയാണ്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 77 റണ്‍സെടുത്തു. രോഹിത് ശര്‍മയും (56*) റണ്ണെടുക്കാതെ നൈറ്റ് വാച്ച്മാന് ആര് അശ്വിനുമാണ് ക്രീസില്‍. 20 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് പുറത്തായത്. ഓസീസിനൊപ്പമെത്താല് ഇന്ത്യക്കു വേണ്ടത് 100 റണ്‍സാണ്.
ഓസ്ട്രേലിയൻ ഇന്നിംഗ്സ്:
ആദ്യ സെഷനില്‍ ഒരുവിധം ഓസീസ് പിടിച്ചുനിന്നെങ്കിലും ലഞ്ച് ബ്രേക്കിനു ശേഷം ഇന്ത്യയുടെ തുടര്‍ച്ചയായ പ്രഹരങ്ങള്‍ക്കു മുന്നില്‍ അവര്‍ തകര്‍ന്നടിയുകയായിരുന്നു. ആദ്യ സെഷനില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമേ ഓസീസിനു നഷ്ടമായിരുന്നുള്ളൂ. എന്നാല്‍ ലഞ്ച് ബ്രേക്കിനു ശേഷം ആറു വിക്കറ്റുകള്‍ കടപുഴക്കി ഓസീസിനെ ഇന്ത്യ ബാക്ക്ഫൂട്ടിലാക്കുകയായിരുന്നു. ടീ ബ്രേക്കിനു പിരിയുമ്പോഴേക്കം എട്ടു വിക്കറ്റുകള്‍ അവര്‍ കൈവിട്ടിരുന്നു. ശേഷിച്ച രണ്ടു വിക്കറ്റുകള്‍ കൂടി ബ്രേക്കിനു ശേഷം ഇ്ന്ത്യ പിഴുതെടുക്കുകയായിരുന്നു.
ഓസ്ട്രേലിയന്‍ ബാറ്റിങ് ലൈനപ്പില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റിയില്ല. ടീമിന്റെ ടോപ്സ്കോററായത് ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ മാര്‍നസ് ലബ്യുഷെയ്നാണ്. 49 റണ്‍സുമായി താരം ടീമിന്റെ രക്ഷകനായി മാറി. 123 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്സില്‍ എട്ടു ബൗണ്ടറികളുണ്ടായിരുന്നു. സ്റ്റീവ് സ്മിത്ത് (37), വിക്കറ്റ് കീപ്പര്‍ അലെക്സ് കറേ (36), പീറ്റര്‍ ഹാന്‍ഡ്സോംബ് (31) എന്നിവരാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഡേവിഡ് വാര്‍ണര്‍ (1), ഉസ്മാന് ഖവാജ (1) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായി രണ്ടു റണ്‍സിന് രണ്ടു വിക്കറ്റെന്ന നിലയില്‍ മുട്ടിടിച്ച ഓസീസിനെ കരകയറ്റിയത് ലബ്യുഷെയ്ന്- സ്മിത്ത് സഖ്യമാണ്. മൂന്നാം വിക്കറ്റില്‍ 82 റണ്‍സ് ഈ സഖ്യം അടിച്ചെടുത്തു. എന്നാല്‍ ലഞ്ച് ബ്രേക്കിനു ശേഷം ടീം സ്കോര്‍ 84ല്‍ നില്‍ക്കെ ലബ്യുഷെയ്നെ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത് സ്റ്റംപ് ചെയ്ത് പുറത്താക്കിയത് കളിയിലെ ബ്രേക്ക്ത്രൂയായി മാറി. പിന്നീട് മികച്ചൊരു കൂട്ടുകെട്ട് പോലും ഓസീസ് നിരയിലുണ്ടായില്ല.
മാന്ത്രികൻ ജഡേജ:
മാസങ്ങളോളം പരിക്കേറ്റ് പുറത്തിരുന്ന ശേഷം മല്‍സരരംഗത്തേക്കു തിരിച്ചെത്തിയ രവീന്ദ്ര ജഡേജയാണ് ഓസ്ട്രേലിയയുടെ അന്തകനായി മാറിയത്. അഞ്ചു വിക്കറ്റുകള്‍ മല്‍സരത്തില്‍ പിഴുത അദ്ദേഹം ഓസീസിന്റെ കഥ കഴിക്കുകയായിരുന്നു. 22 ഓവറില്‍ എട്ടു മെയ്ഡനടക്കം 47 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ജഡ്ഡു അഞ്ചു പേരെ പുറത്താക്കിയത്. മൂന്നു വിക്കറ്റെടുത്ത ആര് അശ്വിന് മികച്ച പിന്തുണയേകി.
മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ ടീമിലെ മൂന്നാം സ്പിന്നറായ അക്ഷര്‍ പട്ടേലിനു ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവും വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതും ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറി.
പ്ലെയിങ് ഇലവന് ഇന്ത്യ:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര് അശ്വിന്, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ:
ഡേവിഡ് വാര്‍ണര്‍, ഉസ്മാന് ഖവാജ, മാര്‍നസ് ലബ്യുഷെയ്ന്, സ്റ്റീവ് സ്മിത്ത്, മാറ്റ് റെന്‍ഷോ, പീറ്റര്‍ അലെക്സ് കറേ (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്കോട്ട് ബോളന്‍ഡ്, നതാന്‍ ലിയോണ്‍, ടോഡ് മര്‍ഫി.