കൊൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളാ എഫ് സിക്ക് തുടർച്ചയായ മൂന്നാം തോൽവി. കൊൽക്കത്ത മൊഹമ്മദൻസ് ആണ് ഗോകുലത്തെ തോൽപിച്ചത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മുഹമ്മദന്‍സിന്റെ വിജയം. കളിയുടെ 13–ാം മിനിറ്റിൽ അബ്ദുൽ ഹക്കുവിലൂടെ ഗോകുലം ആദ്യ ഗോൾ നേടിയെങ്കിലും അബിയോള ദൗദ (67–ാം മിനിറ്റ്) , കീൻ ലൂയിസ് (90+2) എന്നിവരുടെ ഗോളിൽ ആതിഥേയർ ജയമുറപ്പിച്ചു. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്‍ജുറി ടൈമില്‍ ഗോളടിച്ചുകൊണ്ട് ലൂയിസ് മുഹമ്മദന്‍സിന് വിജയം സമ്മാനിച്ചു.
ഹാട്രിക് ഐലീഗ് കീരിടം എന്ന ലക്ഷ്യവുമായി വന്ന ഗോകുലം കേരളയുടെ ഈ സീസണിലെ ആറാം തോൽവിയാണിത്. 16 മത്സരങ്ങളിൽ നിന്ന് 24 പോയിന്റോടെ നാലാം സ്ഥാനത്താണ് ഗോകുലം. ഇതിനുമുന്‍പുള്ള ഐ ലീഗിലെ രണ്ട് മത്സരങ്ങളിലും ഗോകുലം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തില്‍ റൗണ്ട്ഗ്ലാസ് പഞ്ചാബും അതിന് മുന്‍പുള്ള മത്സരത്തില്‍ നെറോക എഫ്.സിയും ഗോകുലത്തെ കീഴടക്കിയിരുന്നു.
ഐ ലീഗിൽ ഒൻപതാം സ്ഥാനത്തുള്ള ടീം ആണ് കൊൽക്കത്ത മൊഹമ്മദൻസ്. ഇനി നാലു കളികൾ കൂടെയാണ് ഗോകുലം കേരളത്തിന് ഈ സീസണിൽ ബാക്കിയുള്ളത്. ഒന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാന് 37 പോയിന്റുണ്ട്. ബുധനാഴ്ച രാജസ്ഥാൻ യുണൈറ്റഡിനെതിരെയാണ് ഗോകുലത്തിൻ്റെ അടുത്ത മത്സരം.
ഗോകുലം കേരളയുടെ ഇനിയുള്ള മത്സരങ്ങൾ:
ഗോകുലം കേരളാ Vs രാജസ്ഥാൻ എഫ് സി (15 ഫെബ്രുവരി, 2023)
ഗോകുലം കേരളാ Vs ചർച്ചിൽ ബ്രദേഴ്‌സ് (19 ഫെബ്രുവരി, 2023)
ഗോകുലം കേരളാ Vs ഐസ്‌വാൾ എഫ് സി (25 ഫെബ്രുവരി, 2023)
ഗോകുലം കേരളാ Vs ടിഡിം റോഡ് അത്‌ലറ്റിക് യൂണിയൻ എഫ് സി (2 മാർച്ച്, 2023)