ഫ്രാൻസ്: ഗോൾഡൻ ഗ്ലോബ് 2022 റേസിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ അഭിലാഷ് ടോമി നാവികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന ചിലെയിലെ “കേപ് ഹോൺ മുനമ്പ്” വലംവച്ചു. ശനിയാഴ്ചയാണ് അഭിലാഷ് ടോമി “കേപ് ഹോൺ” മുനമ്പ് വലം വച്ചത്. തൻ്റെ നേട്ടം ബിരിയാണി കുക്ക് ചെയ്തുകൊണ്ടാണ് അഭിലാഷ് ടോമി ആഘോഷിച്ചത്.
ആദ്യമായാണ് അഭിലാഷ് ടോമി തൻ്റെ പത്തു വർഷം നീണ്ടുനിൽക്കുന്ന നാവിക ജീവിതത്തിൽ “കേപ് ഹോൺ” മുനമ്പ് കീഴടക്കിയത്. ഇതോടെ മത്സരത്തിൽ അവശേഷിക്കുന്ന 4 നാവികരിൽ കേപ് ഹോൺ വലംവയ്ക്കുന്ന രണ്ടാമത്തെയാളായി അഭിലാഷ്. 16 പേരാണ് മത്സരം തുടങ്ങിയപ്പോൾ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 4ന് ആണ് മത്സരം ആരംഭിച്ചത്.
മത്സരത്തിൽ ബാക്കിയുള്ള നാലു സ്ഥാനക്കാർ:
ഒന്നാമതുള്ള ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫർ 15നു രാത്രി ഈ മുനമ്പ് മറികടന്നിരുന്നു. ഇതോടെ, സമുദ്രത്തിലെ മൂന്നു മഹാമുനമ്പുകളും (ഓസ്ട്രേലിയയിലെ കേപ് ല്യൂവിൻ, ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്, ചിലെയിലെ കേപ് ഹോൺ) ഈ ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ടോമിക്ക് കീഴടക്കാനായി. ഇതോടെ അഭിലാഷിന് ഇനി ഗോൾഡൻ ഗ്ലോബിൻ്റെ ഫിനിഷിങ് പോയിന്റിലേക്കു കുതിക്കാം.
ഫ്രാൻസിലെ ലെ-സാബ്‌ലെ ദെലോൻ തുറമുഖത്തു നിന്നും ആരംഭിച്ച റേസിൻ്റെ ഫിനിഷിങ് പോയിന്റും ഇവിടെത്തന്നെയാണ്. അഭിലാഷിന് ഇനി 7859 നോട്ടിക്കൽ മൈൽ (14554 കിലോമീറ്റർ) കൂടി സഞ്ചരിച്ചാൽ ഫിനിഷിങ് പോയിന്റിൽ എത്താം. ഇനി മത്സരത്തിൽ ബാക്കിയുള്ള രണ്ടു സ്കിപ്പെർമാരായ ഓസ്ട്രിയയിൽ നിന്നുള്ള മൈക്കിളും (550 മൈൽസ് അകലെ) യു കെ യിൽ നിന്നുള്ള ഹെർബർട്ട് ജോൺസുമാണ് “കേപ് ഹോൺ” കീഴടക്കാനുള്ളത്. സെപ്റ്റംബർ നാലിന് തുടങ്ങിയ റേസ് ഇപ്പോൾ 168 ദിവസം പിന്നിട്ടിരിക്കുകയാണ്.
മുപ്പതിനായിരം മൈൽസ് നീണ്ടു നിൽക്കുന്ന ഗോൾഡൻ ഗ്ലോബ് റേസ് ജൂൺ 2023-ൽ ആണ് സ്കിപ്പേഴ്സിന് വിജയകരമായി തീർക്കാൻ സാധിക്കുക. ഒന്നാമതുള്ള കിഴ്സ്റ്റൻ നോയിഷെയ്ഫർ കഴിഞ്ഞ 24 മണിക്കൂറിൽ 155 നോട്ടിക്കൽ മൈൽസ് പിന്നിട്ടപ്പോൾ അഭിലാഷ് ടോമിക്ക് 79 നോട്ടിക്കൽ മൈൽസ് പിന്നിടുവാനാണ് സാധിച്ചത്.
സ്കിപ്പേഴ്‌സ് ഇത് വരെ പിന്നിട്ട ദൂരം.
കിഴ്സ്റ്റൻ നോയിഷെയ്ഫർ: 22479 നോട്ടിക്കൽ മൈൽസ്.
അഭിലാഷ് ടോമി: 22141 നോട്ടിക്കൽ മൈൽസ്.
മൈക്കിൾ ഗുഗൻബെർഗെർ : 20971 നോട്ടിക്കൽ മൈൽസ്.
ഹെർബർട്ട് ജോൺസ്: 18766 നോട്ടിക്കൽ മൈൽസ്.