പ്രഥമ വനിതാ ക്രിക്കറ്റ് ലീഗ്: ലേലത്തിൽ ആധിപത്യം പുലർത്തി ആര്‍സിബിയും മുംബൈ ഇന്ത്യൻസും.

മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് ടൂര്‍ണമെന്റിന്റെ താരലേലം ഇന്ന് മുംബൈയിൽ നടന്നു. ഇന്ന് നടന്ന താര ലേലത്തിൽ കൂടുതൽ സൂപ്പർ താരങ്ങളെ വല വീശി പിടിച്ചത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ്. സൂപ്പർ താരങ്ങളെ സ്വന്തമാക്കി ആദ്യ വനിതാ ഐ പി എൽ കിരീടം സ്വന്തമാക്കാൻ ഉറപ്പിച്ചാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് വന്നിരിക്കുന്നത് എന്ന് നിസംശയം പറയാം. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്റെറിൽ ആണ് ലേലം നടന്നത്.

ലേലത്തില്‍ ഏറ്റവും പ്രതിഫലത്തില്‍ ആര്‍സിബി സ്വന്തമാക്കിയത് ഇന്ത്യയുടെ സ്മൃതി മന്ദാനയെയാണ്. 3.4 കോടിയാണ് ഇടം കൈയന്‍ ഓപ്പണര്‍ക്ക് ലഭിച്ച പ്രതിഫലം. ആര്‍സിബിയെ നയിക്കുന്നത് സ്മൃതിയാണ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന് പ്രതീക്ഷിച്ച പോലെ തന്നെ വമ്പന്‍ പ്രതിഫലമാണ് ലഭിച്ചത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തിനെ ഒപ്പം കൂട്ടാന്‍ ലേലത്തില്‍ ആര്‍സിബിക്ക് സാധിച്ചു. തകര്‍പ്പന്‍ ഓള്‍റൗണ്ടര്‍മാരെയും ഒപ്പം കൂട്ടിയ ആര്‍സിബി മറ്റ് നാല് ടീമുകളെയും ഞെട്ടിച്ചിരിക്കുകയാണ്. ടീമുകളെ അടുത്തറിയാം.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

പ്രഥമ സീസണില്‍ അതിശക്തരാണ് ആര്‍സിബി. മന്ദാനക്ക് ശേഷം ആര്‍സിബി കൂടുതല്‍ പണം മുടക്കിയത് 19 കാരിയായ ഇന്ത്യയുടെ റിച്ചാ ഘോഷിനാണ്. 1.9 കോടിക്കാണ് വിക്കറ്റ് കീപ്പര്‍ താരത്തെ ആര്‍സിബി സ്വന്തമാക്കിയത്.

വിദേശ താരങ്ങളില്‍ ആര്‍സിബി കൂടുതല്‍ പണം മുടക്കിയത് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ എല്ലിസി പെറിക്കാണ്. (1.7 കോടി) സോഫി ഡിവൈന്‍ (50 ലക്ഷം), രേണുക സിങ് (1.5 കോടി), എറിന്‍ ബേണ്‍സ് (30 ലക്ഷം), ദിഷ കസത് (10 ലക്ഷം), ഇന്ദ്രാണി റോയ് (10 ലക്ഷം) എന്നിവരാണ് ആര്‍സിബിയിലെ മറ്റ് പ്രമുഖര്‍. വിരാട് കോലി അണിയുന്ന 18ാം നമ്പര്‍ ജഴ്‌സിയിലാവും മന്ദാന ആര്‍സിബിക്കായി കളിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.

വിട്ടു കൊടുക്കാതെ മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ വൈസ് ക്യാപ്റ്റനെ ബാംഗ്ലൂർ സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനെയാണ് മുംബൈ നായകസ്ഥാനത്തേക്കെത്തിച്ചത്. 50 ലക്ഷം അടിസ്ഥാന വിലക്കെത്തിയ താരത്തിന് 1.8 കോടിയാണ് മുംബൈ നല്‍കിയത്. എന്നാല്‍ പ്രതീക്ഷിച്ച പോരാട്ടം ഹര്‍മനായി മറ്റു ടീമുകൾ നടത്തിയില്ല എന്ന കാര്യം ശ്രദ്ധേയമാണ്‌.

ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ നഡാലി സ്‌കവറിൻ ( 3.2 കോടി) ,  ന്യൂസീലന്‍ഡിന്റെ അമീലിയ കെറിൻ  (1 കോടി) എന്നീ വിദേശ താരങ്ങളെയും മുംബൈ ഒപ്പം കൂട്ടി. ഇന്ത്യയുടെ പൂജ വസ്ത്രാക്കർ  (1.9 കോടി),  ഇസബെല്ലാ വോങ് (30 ലക്ഷം), അമന്‍ജോത് കൗര്‍ (50 ലക്ഷം), യാസ്തിക ബാട്ടിയ (1.5 കോടി) എന്നിവരാണ് മുംബൈ ടീമിലെത്തിച്ച മറ്റ് പ്രമുഖ താരങ്ങള്‍.

കരുത്തു കാട്ടി ഡൽഹി

മികച്ച ടീമിനെ തന്നെ ഇറക്കാൻ ഡൽഹിയും ലേലത്തിൽ സജീവമായി ഉണ്ടായിരുന്നു. ഇന്ത്യയുടെ ജെമീമ റോഡ്രിഗസിനെ 2.2 കോടി രൂപക്ക് സ്വന്തമാക്കിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്ങിനെ 1.1കോടി രൂപക്കും ബാറ്റിങ് നിരയിലേക്ക് ചേര്‍ത്തു.

ഇന്ത്യയുടെ യുവ ഓപ്പണറും വെടിക്കെട്ട് താരവുമായ ഷഫാലി വര്‍മയെ 2 കോടിക്കാണ് ഡല്‍ഹി റാഞ്ചിയത്. ലൗറ ഹാരിസ്, ജസിയ അക്തര്‍, ടിറ്റാസ് സധു, രാധാ യാദവ്, ശിഖ പാണ്ഡെ, അലീസി കാപ്‌സി, ടാറ നോറിസ്, മിന്നു മണി എന്നിവരും ഡല്‍ഹിക്കൊപ്പമുണ്ട്.

ഗുജറാത്ത് ടൈറ്റൻസും യു പി വാരിയേഴ്സും:

പുരുഷ ഐപിഎല്ലിലെ പ്രഥമ സീസണില്‍ത്തന്നെ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ വനിതാ ടീമാണ് ഗുജറാത്ത് ജയ്ന്റ്‌സ്. സോഫിയ ഡുന്‍ക്ലി (60ലക്ഷം), മോണിക്ക പട്ടേല്‍ (30 ലക്ഷം) എന്നിവരെയെല്ലാം കൂടെകൂട്ടിയ ഗുജറാത്ത് കൂടുതല്‍ പ്രതിഫലം നല്‍കിയത് ഓസ്‌ട്രേലിയയുടെ ആഷ്‌ളി ഗാര്‍ഡ്‌നര്‍ക്കാണ്. 3.2 കോടിയാണ് ആഷ്‌ളിക്ക് ലഭിച്ചത്. അന്നാബെല്‍ സതര്‍ലന്‍ഡ് എന്നിവരെയൊക്കെ സ്വന്തമാക്കിയ ഗുജറാത്ത് രണ്ട് കോടിക്ക് ബെത്ത് മൂണിയേയും ടീമിലെത്തിച്ചു.

ഷബ്‌നിം ഇസ്‌മെയിലിന് 1 കോടിയാണ് യുപി വാരിയേഴ്‌സ് നല്‍കിയത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലിസ്റ്റോണ് 1.8 കോടിയാണ് യുപി നല്‍കിയത്. തഹില മഗ്രാത്തിന് 1.4 കോടിയും ഗ്രേസ് ഹാരിസിന് 75 ലക്ഷവും നല്‍കിയാണ് യുപി ഒപ്പം കൂട്ടിയത്. ദേവിക വൈദ്യക്ക് 1.4 കോടി മുടക്കിയ യുപി അല്ലീസ ഹീലിക്കായി 70 ലക്ഷമാണ് മുടക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!