ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്. ഗ്രാൻഡ്സ്ലാം എണ്ണത്തിൽ നദാലിനൊപ്പം.

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി സെർബിയൻ താരം നൊവാക് ജോക്കോവിച്ച്.  ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് താരം തോല്പിച്ചത്. (6–3,7–6,7–6).

35-കാരനായ താരത്തിൻ്റെ പത്താം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ആണ് ഇത്. ഈ ജയത്തോടെ ലോക ഒന്നാം റാങ്കും ജോക്കോവിച്ച് തിരിച്ചു പിടിച്ചു. ഗ്രാൻ‌സ്‌ലാം പുരുഷ സിംഗിൾസിൽ 22 കിരീടങ്ങൾ നേടിയ റാഫേൽ നദാലിനൊപ്പം എത്താനും ജോക്കോവിച്ചിന് സാധിച്ചു.

ഗ്രീക്ക് സെർബിയൻ ആരാധകർ തിങ്ങി നിറഞ്ഞ റോഡ്‌ലേവർ അരീനയിലെ ഗാലറിയെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കാൻ ജോക്കോ-സിറ്റ്സിപാസ് ഫൈനലിന് കഴിഞ്ഞു. എന്നാൽ 2021 ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ജോക്കോവിച്ചിനെതിരെ  തോൽവി വഴങ്ങേണ്ടി  വന്ന ഇരുപത്തിനാലുകാരൻ സിറ്റ്സിപാസിന് ഇത്തവണയും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.

ടൈബ്രേക്കറിലേക്കു നീണ്ട രണ്ടും മൂന്നും സെറ്റുകളിൽ സിറ്റ്സിപാസ് പൊരുതിയെങ്കിലും മുപ്പത്തിയഞ്ചുകാരൻ ജോക്കോവിച്ചിന്റെ മനക്കരുത്തിനും പരിചയസമ്പത്തിനും  മുന്നിൽ പിടിച്ചു നിൽക്കാനായില്ല.  നിർണായകമായ മൂന്നാം സെറ്റിൻ്റെ ടൈബ്രേക്കറിൽ ജോക്കോവിച്ച് 5–0നു മുന്നിലെത്തിയ ശേഷം തിരിച്ചടിച്ച സിറ്റ്സിപാസ് 5–6ന് വെല്ലുവിളിയുയർത്തിയെങ്കിലും ഒരു റിട്ടേൺ പിഴച്ചതോടെ മത്സരവും കിരീടവും ജോക്കോവിച്ചിനു സ്വന്തമായി.

കോവിഡ് വാക്‌സിൻ എടുക്കാത്തതിൻ്റെ കഴിഞ്ഞ വർഷം ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിയ്ക്കാൻ സാധിച്ചിരുന്നില്ല. വാക്‌സിൻ എടുക്കാത്തതിനാൽ ജോക്കോവിച്ചിനെ മത്സരത്തിൽ പങ്കെടുപ്പിക്കാതെ തിരിച്ചു അയയ്ക്കുകയായിരുന്നു. തന്നെ തിരിച്ചയച്ച ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം എന്ന പ്രതികാരവും ജോക്കോവിച്ചിന്റെ നേട്ടത്തിനു മധുരമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!