പാരീസ്: ചാമ്പ്യൻസ് ലീഗിൽ വമ്പൻമാർക്ക് വീണ്ടും തോൽവി. ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ബയേണ്‍ മ്യൂണിക്കാണ് മെസ്സിയെയും സംഘത്തെയും തകർത്തു വിട്ടത്. ഏകപക്ഷീയമായ ഒരുഗോളിനാണ് ബയേണിൻ്റെ വിജയം. പിഎസ്ജിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. പിഎസ്ജിയുടെ സ്വന്തം ഹോം ഗ്രൗണ്ട് ആയ പാര്‍ക് ഡി പ്രിന്‍സസില്‍ ആയിരുന്നു മത്സരം.
മെസ്സിയും നെയ്മറും വെരാട്ടിയുമടക്കം എല്ലാ സൂപ്പര്‍ താരങ്ങളെല്ലാം ആദ്യ ഇലവനില്‍ ഇറങ്ങിയെങ്കിലും ബയേണിനായിരുന്നു കളിയിൽ മുൻതൂക്കം. പരിക്കേറ്റിരുന്ന എംബാപ്പെയെ ആദ്യ ഇലവനില്‍ കളിപ്പിച്ചില്ല. ബയേണിന്റെ ആക്രമണങ്ങള്‍ തടയാന്‍ പിഎസ്ജി പ്രതിരോധം നന്നായി വിയര്‍ത്തു. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളടിച്ചില്ല.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ച ബയേൺ 53-ാം മിനിറ്റിൽ പന്ത് ലക്ഷ്യത്തിലെത്തിച്ചു. കിങ്സ്ലി കോമാനാണ് പന്ത് വലയിൽ എത്തിച്ചത്. ഇടതുവിങ്ങില്‍ നിന്ന് അല്‍ഫോണ്‍സോ ഡേവിസ് നല്‍കിയ ക്രോസില്‍ നിന്നാണ് ഗോള്‍ പിറന്നത്. പെനാല്‍റ്റി ബോക്‌സില്‍ മാര്‍ക് ചെയ്യപ്പെടാതെ കിടന്ന കോമാന്‍ അനായാസം വല കുലുക്കി. (സ്കോർ 1-0)
തിരിച്ചടിക്കാന്‍ സൂപ്പര്‍താരം എംബാപ്പെയെ കളത്തിലിറക്കി പിഎസ്ജി ആക്രമണങ്ങള്‍ക്ക് ശക്തികൂട്ടി. രണ്ടുതവണ എംബാപ്പെ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു. മുന്നേറ്റങ്ങള്‍ തുടര്‍ന്നെങ്കിലും ബയേണ്‍ പ്രതിരോധം മറികടക്കാനാവാതെ വന്നതോടെ മെസ്സിയും നെയ്മറും എംബാപ്പെയും അടങ്ങുന്ന വമ്പൻ നിര തോല്‍വിയോടെ മടങ്ങി.
നേരത്തേ മാഴ്‌സയോട് തോറ്റ് ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്തായ പിഎസ്ജി കഴിഞ്ഞ ലീഗ് വണ്‍ മത്സരത്തില്‍ മൊണോക്കോയോടും പരാജയപ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ ഈ തോല്‍വി ടീമിന് കനത്ത തിരിച്ചടിയാണ്.