സന്തോഷ് ട്രോഫി: മഹാരാഷ്ട്രക്കെതിരെ വിജയ സമനിലയുമായി കേരളം. (4-4)

ഭുവനേശ്വര്‍: അത്യന്തം ആവേശകരമായ മത്സരത്തിൽ 4 -1 നു പിന്നിട്ടു നിന്നശേഷം മഹാരാഷ്ട്രക്കെതിരെ ത്രസിപ്പിക്കുന്ന സമനിലയുമായി കേരളം. മഹാരാഷ്ട്രയുടെ നാലു ഗോളുകളും ആദ്യ പകുതിയിൽ ആണ് പിറന്നത്. ആദ്യ പകുതിയിലെ എല്ലാ കടങ്ങളും രണ്ടാം പകുതിയിൽ കണക്കു തീർത്തു തിരിച്ചു കൊടുത്ത കേരളം താരങ്ങൾ അർഹിച്ച സമനിലയും നേടി.

കേരളത്തിനായി വിശാഖ് മോഹനന്‍, നിജോ ഗില്‍ബര്‍ട്ട്, അര്‍ജുന്‍ വി, ജോണ്‍ പോള്‍ ജോസ് എന്നിവര്‍ ഗോളടിച്ചു. മഹാരാഷ്ട്രയ്ക്ക് വേണ്ടി സൂഫിയാന്‍ ഷെയ്ഖ് രണ്ടു ഗോളും പാട്ടീല്‍, സുമിത് ഭണ്ഡാരി എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

ഇതോടെ ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമായി കേരളത്തിൻ്റെ സെമി ഫൈനൽ സാദ്ധ്യതകൾ തുലാസിലായി. ഇനി കേരളത്തിന് രണ്ടു മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. ഒഡിഷയും പഞ്ചാബും ആണ് ഇനി കേരളത്തിൻ്റെ എതിരാളികൾ. ഈ മത്സരങ്ങൾ ജയിച്ചാൽ മാത്രം പോര, മറ്റു മത്സരങ്ങളെ ആശ്രയിക്കുകയും വേണം നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്. ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ കേരളം.

സെമി ഫൈനൽ പ്രതീക്ഷകൾ നില നിർത്താൻ വിജയം അനിവാര്യമായിരുന്ന മഹാരാഷ്ട്ര തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ചു. സൂഫിയാന്‍ ഷെയ്‌ഖിലൂടെ 17-ാം മിനിറ്റില്‍ തന്നെ മഹാരാഷ്ട്ര മുന്നിലെത്തി. കേരളത്തിന്റെ പ്രതിരോധനിരയുടെ പാളിച്ചയില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്‌സിനകത്തേക്ക് ഉയര്‍ന്നുവന്ന പന്ത് കൃത്യമായി ക്ലിയര്‍ ചെയ്യുന്നതില്‍ കേരളത്തിൻ്റെ പ്രതിരോധ നിര പരാജയപ്പെട്ടു. മുന്നോട്ട് കയറിവന്ന ഗോള്‍കീപ്പര്‍ മിഥുനിനെ കാഴ്ചക്കാരനാക്കി സൂഫിയാന്‍ ലക്ഷ്യം കണ്ടു. (സ്കോർ1-0)

തൊട്ടു പിന്നാലെ 20-ാം മിനിറ്റിൽ മഹാരാഷ്ട്ര നായകൻ ഹിമാന്‍ഷു പാട്ടീലിൻ്റെ ഗോൾ. ആദ്യ ഗോള്‍ നേടിയ സൂഫിയാന്റെ പാസില്‍ നിന്ന് ഹിമാൻഷുവിൻ്റെ പാസിൽ നിന്നാണ് കേരളാ പ്രതിരോധത്തിൻ്റെ പിഴവ് മുതലെടുത്തു ഹിമാൻഷു ഗോൾ നേടിയത്. (സ്കോർ 2-0)

28-ാം മിനിറ്റില്‍ കേരളത്തിന്റെ നിജോ ഗില്‍ബര്‍ട്ടിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. 35-ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് മഹാരാഷ്ട്ര വീണ്ടും ഗോളടിച്ചു. സുമിത് രാജേന്ദ്രസിങ് ഭണ്ഡാരിയാണ് ഗോളടിച്ചത്. തകര്‍പ്പന്‍ ഫിനിഷിലൂടെയാണ് താരം പന്ത് ലക്ഷ്യത്തിൽ എത്തിച്ചത്. (സ്കോർ 3-0)

മൂന്ന് മിനിറ്റിനുള്ളിൽ കേരളം വിശാഖ് മോഹനനിലൂടെ തിരിച്ചടിച്ചു. 38-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. മുഹമ്മദ് സലിം നല്‍കിയപാസ് കൃത്യമായി വലയിലെത്തിച്ച് വിശാഖ് കേരളത്തിന് ആദ്യ ഗോളും ആത്മ വിശ്വാസവും നേടിക്കൊടുത്തു. (സ്കോർ 3-1)

എന്നാൽ കേരളത്തിനെ വീണ്ടും സമ്മർദ്ദത്തിൽ ആഴ്ത്തികൊണ്ടു 42-ാം മിനിറ്റിൽ സൂഫിയാൻ വീണ്ടും കേരളത്തിൻ്റെ വല വീണ്ടും കുലുക്കി. പകരക്കാരനായി വന്ന ആസിഫിന്റെ പിഴവിലൂടെ പന്ത് ലഭിച്ച സൂഫിയാന്‍ അനായാസം വലകുലുക്കുകയായിരുന്നു. (സ്കോർ 4-1). ആദ്യ പകുതി അവസാനിച്ചപ്പോൾ കേരളം 4-1 ന് പുറകിൽ.

രണ്ടാം പകുതിയിൽ കേരളം ആക്രമിച്ചു കളിക്കാൻ ആരംഭിച്ചു. 65-ാം മിനിറ്റില്‍ പെനാൽറ്റിയിലൂടെ കേരളത്തിൻ്റെ രണ്ടാം ഗോൾ പിറന്നു. കിക്കെടുത്ത നിജോ ഗിൽബെർട്ട്. പന്ത് അനായാസം വലയുടെ ഇടത്തേ മൂലയിലേക്ക് അടിച്ചുകയറ്റി. (സ്കോർ 4-2).

രണ്ടു ഗോളുകൾക്ക് ശേഷം ആക്രമിച്ചു കളിച്ച കേരളം പിന്നാലെ മൂന്നാം ഗോളും നേടി. പകരക്കാരനായി വന്ന അര്‍ജുന്‍ വിയാണ്  71-ാം മിനിറ്റില്‍ കേരളത്തിനായി മൂന്നാം ഗോൾ നേടിയത്. ബോക്‌സിന് പുറത്തുനിന്ന്  അര്‍ജുന്‍ തൊടുത്തുവിട്ട തകര്‍പ്പന്‍ ഗ്രൗണ്ടര്‍ പോസ്റ്റിന്റെ വലത്തെ മൂലയില്‍ ചെന്ന് പതിച്ചപ്പോൾ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോൾ ആയി മാറി.  (സ്കോർ 4-3).

ഇതോടെ മത്സരം ആവേശക്കൊടുമുടിയിലായി. ആക്രമിച്ചു കളിച്ച കേരളം 77-ാം മിനിറ്റില്‍ നാലാം ഗോളും സമനിലയും നേടി. ജോണ്‍ പോള്‍ ജോസാണ് കേരളത്തിനായി വലകുലുക്കിയത്. ഇതോടെ കേരളം മത്സരത്തിലേക്ക് സുശക്തമായി തിരിച്ചെത്തി. പ്ലേമേക്കര്‍ നിജോ ഗില്‍ബര്‍ട്ടിന്റെ പാസില്‍ നിന്നാണ് ഗോൾ പിറന്നത്. (സ്കോർ 4-4)

കേരളത്തിൻ്റെ നാലാം ഗോൾ ഓഫ് സൈഡ് ആണെന്ന് വാദിച്ചു മഹാരാഷ്ട്ര ടീം അംഗങ്ങൾ മുഴുവൻ രംഗത്തെത്തി. ഇക്കാരണത്താൽ 12 മിനിറ്റോളം കളി നിർത്തി വെക്കേണ്ടതായി വന്നു. പക്ഷെ മഹാരാഷ്ട്ര താരങ്ങളുടെ വാദങ്ങൾ അംഗീകരിക്കാതെ  റഫറി കേരളത്തിന് ഗോള്‍ അനുവദിക്കുകയാണ് ചെയ്തത്.

15 മിനിട്ടാണ് റഫറി അധികസമയം അനുവദിച്ചത്. വിജയത്തിന് വേണ്ടി കേരളവും മഹാരാഷ്ട്രയും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല. ഈ സമനിലയോടെ മഹാരാഷ്ട്രയുടെ സെമി ഫൈനൽ മോഹങ്ങൾ ഏതാണ്ട് അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!