സൗദി പ്രോ ലീഗ് പോരാട്ടത്തില്‍ അൽ വെഹ്ദയ്‌ക്കെതിരായ അൽ നാസറിന്റെ പോരാട്ടത്തില്‍, ക്രിസ്റ്റ്യാനോ റൊണാൾഡോ നാല് ഗോളുകൾ നേടുകയും കരിയറിലെ 61-ാമത് ഹാട്രിക് നേടുകയും ചെയ്തു. റൊണാൾഡോയുടെ മികവിൽ അൽ നാസർ മത്സരം 4-0ന് വിജയിച്ച് സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.
21-ാം മിനിറ്റിൽ ഇടങ്കാൽ സ്ട്രൈക്കിലൂടെയാണ് റൊണാൾഡോ തുടങ്ങിയത്. പിന്നീട് 40, 36, 61 മിനിറ്റുകളിൽ കൂടി റൊണാൾഡോയുടെ ബൂട്ടുകൾ അൽ വെഹ്ദയുടെ ഗോൾ വലയിലേക്ക് നിറയൊഴിച്ചു. ഈ പ്രകടനത്തോടെ, റൊണാൾഡോ ലീഗിൽ തന്റെ ഗോളുകളുടെ എണ്ണം അഞ്ചായി ഉയർത്തി, കഴിഞ്ഞ ആഴ്ച അൽ ഫത്തേയ്‌ക്കെതിരെ സമനില ഗോള്‍ നേടിയിരുന്നു.
ഇത് ഒമ്പതാം തവണയാണ് റൊണാൾഡോ ഒരു മത്സരത്തിൽ നാല് ഗോളുകൾ നേടുന്നത്. 2019ൽ ലിത്വാനിയയ്‌ക്കെതിരെ യൂറോപ്യൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന നാല് ഗോൾ പ്രകടനം.
ഈ തകർപ്പൻ പ്രകടനത്തിലൂടെ 500 ലീഗ് ഗോളുകൾ എന്ന നാഴികക്കല്ലും റൊണാൾഡോ പിന്നിട്ടു. റൊണാൾഡോയുടെ കരിയറിലെ അറുപത്തിയൊന്നാമത്തെ ഹാട്രിക് കൂടിയായിരുന്നു ഇത്.
പതിനാറു ടീമുകൾ ആണ് സൗദി പ്രൊ ലീഗിൽ മത്സരിക്കുന്നത്. റൊണാൾഡോയുടെ അൽ നാസർ ഒന്നാം സ്ഥാനത്തും അൽ വെഹ്‌ദ പതിമൂന്നാം സ്ഥാനത്തുമാണ് ലീഗിൽ.