പാകിസ്താനെ തുരത്തി ഇന്ത്യന്‍ പെൺപട, ഗംഭീര ജയം, ജെമീമക്ക് ഫിഫ്റ്റി. വിജയം 7 വിക്കറ്റിന്.

കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍  പാകിസ്താനെ 7 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ ഒരോവര്‍ ബാക്കിനിര്‍ത്തി മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

ജെമീമ റോഡ്രിഗസിന്റെ (53*) ഫിഫ്റ്റിയും ഷഫാലി വര്‍മ (33), റിച്ചാ ഘോഷ് എന്നിവരുടെ പ്രകടനവുമാണ് ഇന്ത്യക്ക് കരുത്തായത്. ബൗളിങ്ങില്‍ അല്‍പ്പം നിറം മങ്ങിയതിന്റെ ക്ഷീണം ഗംഭീര ബാറ്റിങ്ങിലൂടെ മറികടന്ന് ഇന്ത്യ വിജയത്തിലേക്കെത്തുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 10 റണ്‍സ് സ്‌കോര്‍ബോര്‍ഡിലുള്ളപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ജവീരിയ ഖാനെ (8) ദീപ്തി ശര്‍മയാണ് പുറത്താക്കിയത്.

എന്നാല്‍ തുടക്കത്തിലേ പാളിച്ചയില്‍ നിന്ന് കരകയറാന്‍ രണ്ടാം വിക്കറ്റിലെ മുനീബ അലി (12) ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (68) കൂട്ടുകെട്ടിന് സാധിച്ചു. മുനീബയെ രാധാ യാദവ് പുറത്താക്കുമ്പോള്‍ പാകിസ്താന്‍ സ്‌കോര്‍ ബോര്‍ഡ് 6.5 ഓവറില്‍ 42 റണ്‍സെന്ന നിലയിലായിരുന്നു.

പാകിസ്താന്റെ സ്‌കോര്‍ 120നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് ആയിഷ നസീമിന്റെ പ്രകടനമാണ്. 25 പന്ത് നേരിട്ട് 2 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 43 റണ്‍സുമായി ആയിഷ പുറത്താവാതെ നിന്നു. 172 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശിയ ആയിഷക്ക് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പതറി.

ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

സ്മൃതി മന്ദാനയുടെ അഭാവത്തില്‍ യാസ്തിക ഭാട്ടിയയും ഷഫാലി വര്‍മയുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ഒന്നാം വിക്കറ്റില്‍ 38 റണ്‍സിന്റെ കൂട്ടുകെട്ടും ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചു. 20 പന്തില്‍ 17 റണ്‍സെടുത്ത യാസ്തികയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മികച്ച നിലയില്‍ കളിച്ച ഷഫാലിയെ ഇന്ത്യക്ക് നഷ്ടമായത് തിരിച്ചടിയായി. 25 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 33 റണ്‍സുമായാണ് ഷഫാലി കളം വിട്ടത്.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്ന് റണ്‍സുയര്‍ത്തി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ശ്രമത്തിനിടെ ഹര്‍മന്‍പ്രീത് മടങ്ങി. 12 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 16 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്.

വിജയശില്പികളായി ജമീമയും റിച്ചയും

നാലാം വിക്കറ്റിലൊത്തുചേര്‍ന്ന ജമീമ റോഡ്രിഗസും (53) റിച്ചാ ഗോഷും (31) ചേര്‍ന്നാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ജെമീമ 38 പന്തില്‍ 8 ബൗണ്ടറികള്‍ നേടിയപ്പോള്‍ 20 പന്തില്‍ 5 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു റിച്ചയുടെ പ്രകടനം. ഇതോടെ ഒരോവര്‍ ബാക്കിനിര്‍ത്തി ഇന്ത്യ വിജയം നേടി. 54 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!