വേൾഡ് കപ്പിൽ ഇന്നലെ കാണികൾ കണ്ടത് അക്ഷരാർഥത്തിൽ “ലങ്കാദഹനം” ആയിരിന്നു. ഇന്ത്യയുടെ 357 റൺസെന്ന ലക്ഷ്യം മുന്നിൽകണ്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കൻ ബാറ്റ്സ്മാൻമാരെ വെറും 55 റൺസിന് ചുരുട്ടികെട്ടി ഇന്ത്യൻ ബൗളർമാർ. ശ്രീലങ്കയുടെ പ്രതിരോധം വെറും 19.4 ഓവറിൽ അവസാനിച്ചു. ഇന്ത്യക്കു ചരിത്രത്തിലെ ഏറ്റവും വലിയ ജയവും ശ്രീലങ്കക്ക് ഏറ്റവും വലിയ പരാജയവും.
സ്കോർ: ഇന്ത്യ: 357/8 (50 ഓവർ) ശ്രീലങ്ക: 55 (19.4 ഓവർ)
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച ശ്രീ ലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസിൻ്റെ തീരുമാനം തെറ്റായി പോയി എന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർ തെളിയിച്ചു. വാങ്കഡെ സ്റ്റേഡിയത്തിൽ ഹിറ്റ്മാൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചു വന്ന കാണികൾക്കു മുൻപിൽ തിളങ്ങിയത് ഷുബ്‌മാൻ ഗില്ലും, വീരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും ആയിരുന്നു. ആദ്യ ഓവറിലെ രണ്ടാം ബോളിൽ തന്നെ ക്ലീൻ ബൗൾഡായി രോഹിത് ശർമ്മ മടങ്ങുമ്പോൾ വാങ്കഡെ സ്റ്റേഡിയം നിശബ്ദമായി. പിന്നീട് കോഹ്‌ലിയും ഗില്ലും മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടുപേരും അർദ്ധ സെഞ്ചുറി പിന്നിട്ടതോടെ സ്കോറിങ്ങിനു വേഗതയും കൂടി.
കൂറ്റനടികളോടെ സെഞ്ചുറിയിലേക്കു കുതിച്ചുകൊണ്ടിരുന്ന ഗില്ലിനെ ദിൽഷൻ മദുഷംഗയാണു പുറത്താക്കിയത്. ക്യാപ്റ്റൻ കുശാൽ മെൻഡിസ് ക്യാച്ചെടുത്തു ഗില്ലിനെ പുറത്താക്കുകയായിരു. 92 ബോളിൽ 92 റൺസ് എടുത്തായിരുന്നു ഗില്ലിൻ്റെ മടക്കം. 88 റൺസെടുത്ത വിരാട് കോഹ്‌ലിയും സെഞ്ചുറിയില്ലാതെ മടങ്ങിയത് കാണികളെ നിരാശരാക്കി. പിന്നാലെത്തിയ താരങ്ങളിൽ ശ്രേയസ് അയ്യർ കൂറ്റനടികളുമായി നിലയുറപ്പിച്ചപ്പോൾ, കെ.എൽ. രാഹുലും (19 പന്തിൽ 21), സൂര്യകുമാർ യാദവും (ഒൻപതു പന്തിൽ 12) പെട്ടെന്നു മടങ്ങി. 45-ാം ഓവറിൽ ഇന്ത്യ 300 റൺസ് കടന്നു. 48-ാം ഓവറിൽ ശ്രേയസ് അയ്യർ ഔട്ട് ആയെങ്കിലും രവീന്ദ്ര ജഡേജ അവസാന ഓവറുകളിൽ ആഞ്ഞടിച്ചു ഇന്ത്യയുടെ സ്കോർ 357 -ൽ എത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കു ആദ്യ ബോളിൽ തന്നെ നിസംഗയെ നഷ്ടമായി. ബുമ്രയുടെ മിസൈലിൽ നിസംഗക്കു പവലിയനിലേക്ക് പോകുവാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. ബുമ്രയുടെയും (1/8) സിറാജിൻ്റെയും (3/16) തീ പാറുന്ന ബോളുകൾക്കു മുൻപിൽ പിടിച്ചു നിൽക്കാൻ ശ്രീലങ്കയുടെ മുൻനിര ബാറ്റ്സ്മാൻമാർ വിയർക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
പകച്ച നിന്ന ശ്രീലങ്കൻ ബാറ്റ്സ്മാൻമാരുടെ ഇടയിലേക്ക് അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ചുകൊണ്ട് അവൻ വന്നു. “ഷമി” ദി റിയൽ ഹീറോ. പിന്നെയെല്ലാം വളരെ പെട്ടന്നായിരുന്നു. ലങ്കാദഹനം. ശുഭം.