മിലാൻ: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇറ്റാലിയൻ വമ്പന്മാരായ ഇന്റര്‍ മിലാനു ജയം. ഇന്റർ എതിരില്ലാത്ത ഒരു ഗോളിനാണ് പോർട്ടോയെ കീഴടക്കിയത്. അതേ സമയം മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് സമനില. ജർമൻ ക്ലബായ ആര്‍.ബി.ലെയ്പ്‌സിഗാണ് സിറ്റിയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ഇന്റർ മിലാൻ (ഇറ്റലി) – എഫ് സി പോർട്ടോ (പോർച്ചുഗൽ): സ്കോർ 1-0
ഇന്ററിൻ്റെ തട്ടകത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ 86-ാം മിനിറ്റില്‍ സൂപ്പര്‍താരം റൊമേലു ലുക്കാക്കുവാണ് ടീമിനായി ഗോളടിച്ചത്. മികച്ച ഹെഡ്ഡറിലൂടെ താരം വലകുലുക്കി. 78-ാം മിനിറ്റില്‍ മുന്നേറ്റതാരം ഒട്ടാവിയോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് പോർട്ടോയുടെ വിജയത്തിന് വിലങ്ങുതടിയായി. രണ്ടാം പാദ മത്സരം മാര്‍ച്ച് 15-ന് പോർട്ടോയുടെ ഹോം ഗ്രൗണ്ടിൽ നടക്കും.
മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്) – ആര്‍.ബി ലെയ്പ്‌സിഗ് (ജർമ്മനി): സ്കോർ 1-1
ജർമൻ ക്ലബായ ലെയ്പ്‌സിഗ് സ്വന്തം തട്ടകത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 27-ാം മിനിറ്റില്‍ റിയാദ് മഹ്‌റെസ് നേടിയ ഗോളിലൂടെ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയില്‍ ആ ലീഡ് അവര്‍ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ലെയ്പ്‌സിഗ് സ്വന്തം കാണികളുടെ മുൻപിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ സിറ്റി പതറി. 70-ാം മിനിറ്റില്‍ ഹോസ്‌കോ ഗ്വാര്‍ഡിയോള്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളിലൂടെ ലെയ്പ്‌സിഗ് സമനില നേടി. രണ്ടാം പാദ മത്സരം മാര്‍ച്ച് 15-ന് സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍വെച്ച് നടക്കും.