കൊച്ചി: കൊച്ചിയിൽ പുതിയ സ്റ്റേഡിയം നിർമിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷൻ). ഇതിന്റെ ആദ്യപടിയായി എറണാകുളം ജില്ലയിൽ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി കെസിഎ പത്രപ്പരസ്യം നൽകി.ഭൂമി വിട്ടുനൽകാൻ താൽപര്യമുള്ളവർ ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചിനു മുൻപ് തിരുവനന്തപുരത്തെ കെസിഎ ഓഫിസുമായി ബന്ധപ്പെടണമെന്നാണ് പരസ്യത്തിൽ പറയുന്നത്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നിലവിൽ കേരളത്തിലെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത്. കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയം പാട്ടത്തിനെടുത്താണ് കെ സി എ മത്സരങ്ങൾ നടത്തുന്നത്. ഈ മാസം ഇവിടെ നടന്ന ഇന്ത്യ–ശ്രീലങ്ക മത്സരത്തിനു പിന്നാലെ കെസിഎയും സംസ്ഥാന സർക്കാരും തമ്മിൽ പരസ്യ ഏറ്റുമുട്ടലിലേക്ക് പോയിരുന്നു. ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള വിവാദങ്ങളെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ.
അതേസമയം, മുൻകാലങ്ങളിൽ ക്രിക്കറ്റ് മത്സരങ്ങൾ നടന്നിരുന്ന കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാവട്ടെ ഇപ്പോൾ പൂർണമായും ഫുട്ബോൾ സ്റ്റേഡിയമാക്കി മാറ്റിയിരിക്കുകയാണ്. ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കലൂർ സ്റ്റേഡിയം. അണ്ടർ 16 ലോകകപ്പ് സമയത്ത് ഒരുക്കിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഫിഫ മാനദണ്ഡങ്ങൾ പാലിച്ച പിച്ചാണ് ഇവിടെ ഫുട്ബോളിനു വേണ്ടി ഒരുക്കിയിട്ടുള്ളത്.
വയനാട് കൃഷ്ണഗിരിയിൽ ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയം കെഎസിഎയ്ക്ക് സ്വന്തമായി ഉണ്ടെങ്കിലും യാത്രാസൗകര്യങ്ങൾ ഉൾപ്പെടെയുള്ള പരിമിതി മൂലം രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കാൻ തടസ്സമുണ്ട്. ഇതിനാലാണ് കൊച്ചിയിൽ പുതിയ സ്റ്റേഡിയം എന്ന ചിന്തയിലേക്ക് കെസിഎ തീരുമാനിച്ചത്. മുൻപ് ഇടക്കൊച്ചിയിൽ രാജ്യാന്തര സ്റ്റേഡിയം നിർമിക്കാൻ കെസിഎ ആലോചിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങൾ കൊണ്ട് തീരുമാനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
നെടുമ്പാശേരിയിലും, വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനു സമീപമുള്ള ഭൂമിയുമാണ് നിലവിൽ കെഎസിഎയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന. അതേസമയം, നെടുമ്പാശേരിയിലെ ഭൂമി ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉൾപ്പെടെ പരിശോധിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിന്റെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഇപ്പോൾ പത്രപ്പരസ്യം നൽകിയതെന്നാണ് റിപ്പോർട്ടുകൾ.