മുംബൈ: ഐഎസ്എൽ ഫൈനലിന് വീണ്ടും ഗോവ വേദിയാകുന്നു. 2022 -2023 സീസൺ ഫൈനൽ മാർച്ച് 18-ന് ഗോവ ഫറ്റോർഡയിലെ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് നടക്കും. കഴിഞ്ഞ സീസണിലെ ഫൈനലിന് വേദിയായതും ഗോവയിലെ ഈ സ്റ്റേഡിയം തന്നെ ആയിരുന്നു. അന്ന് നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സി-യോട് തോൽക്കുകയായിരുന്നു.
ഐ എസ് എൽ ഫൈനലിൻ്റെ ടിക്കറ്റ് വില്പന മാർച്ച് 5-ന് സ്റ്റാർട്ട് ചെയ്യും. ഫാൻസിനു ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. 18000 പേർക്ക് ഇരിക്കാവുന്ന പിജെഎൻ സ്റ്റേഡിയത്തിൽ ഫുട്ബോൾ ആരാധകർക്കായി എത്ര സീറ്റുകൾ ഉണ്ട് എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ഫൈനലിന് ടിക്കറ്റ് വില്പനയിൽ വ്യാപക പരാതി ഉയർന്നിരുന്നു.
പ്ലേ ഓഫ് മത്സരങ്ങൾ മാർച്ച് 2 മുതൽ മാർച്ച് 12 വരെ നടക്കും. ആറു ടീമുകളാണ് ഈ വർഷം ഐ എസ് എൽ പ്ലേ ഓഫ് കളിക്കുക. മുംബൈ സിറ്റി, ഹൈദരാബാദ് എഫ് സി, എ ടി കെ മോഹൻ ബഗാൻ, ബാംഗ്ലൂർ എഫ് സി, കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകളാണ് പ്ലേ ഓഫ് ഉറപ്പിച്ച ടീമുകൾ. ഒഡിഷയോ ഗോവയോ ആറാമത്തെ ടീമായി പ്ലേ ഓഫ് കളിയ്ക്കാൻ പോയിന്റ് ടേബിളിൽ മത്സരിക്കുന്നത്.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ മുഴുവനും. ഫൈനലിന് ഗോവയിലെ സ്റ്റേഡിയം മഞ്ഞകടൽ ആക്കണം എന്നും കലിപ്പും കടങ്ങളും തീർത്തു കപ്പടിക്കണം എന്നും ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനും പ്രതീക്ഷിക്കുന്നു.