കൊൽക്കത്ത: കൊച്ചിയിലേറ്റ പരാജയത്തിന് കൊൽക്കത്തയിൽ പോയി കണക്കു തീർക്കാൻ ആഗ്രഹിച്ച കേരളാ ബ്ലാസ്റ്റേഴ്സിനും ഫാൻസിനും നിരാശ. കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2–1 -നാണു ബ്ലാസ്റ്റേഴ്സിൻ്റെ തോൽവി. ഇതോടെ പോയിന്റ് പട്ടികയിൽ എ ടി കെ നാലാം സ്ഥാനത്തും കേരളാ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തും ആയി. മൂന്നും നാലും സ്‌ഥാനക്കാർക്കാണ് പ്ലേ ഓഫ് ഹോം ഗ്രൗണ്ടിൽ കളിക്കാൻ സാധിക്കുക.
വിജയ ലക്ഷ്യവുമായി പൊരുതി കളിച്ച ബ്ലാസ്റ്റേഴ്‌സ് 16–ാം മിനിറ്റിൽ തന്നെ ലീഡ് നേടി. ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. ഇവാൻ കല്യൂഷ്നി ബോക്സിലേക്കെത്തിച്ച പന്ത് അപ്പോസ്തലസ് ജിയാനൂ തൊട്ടടുത്തുള്ള ഡയമന്റകോസിനു മറിച്ചു. ഡയമന്റകോസിന്റെ വൺ ടച്ച് ഷോട്ട് കൊൽക്കത്തയുടെ ഗോൾ വല കുലുക്കി. (സ്കോർ 1-0). ദിമിത്രിയോസിൻ്റെ കേരള ബ്ലാസ്റ്റേഴ്‌സിനായുള്ള പത്താം ഗോളിയിരുന്നു ഇത്.
ബ്ലാസ്റ്റേഴ്സിൻ്റെ ലീഡിന് 6 മിനിറ്റു മാത്രമാണ് ആയുസ് ഉണ്ടായിരുന്നത്. പൊരുതി കളിച്ച എ ടി കെ 23–ാം മിനിറ്റിൽ സമനില ഗോൾ നേടി. എടികെയ്ക്കു ലഭിച്ച ഫ്രീകിക്ക് ബോക്സിലെത്തിയപ്പോൾ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ വിക്ടർ മോങ്കിലിനു തടയാനായില്ല. പന്ത് ഹെഡറിലൂടെ മക്ഹ്യൂ വലയിലാക്കി.(സ്കോർ 1-1).
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി കെ എൽ രാഹുലിൻ്റെ പുറത്താകൽ. രണ്ടാം മഞ്ഞക്കാർഡ് കണ്ടു രാഹുൽ പുറത്തായതോടു കൂടി ബ്ലാസ്റ്റേഴ്‌സ് 10 പേരായി ചുരുങ്ങി. പിന്നാലെ മക്ഹ്യുവിന്റെ വക രണ്ടാം പ്രഹരം. 71–ാം മിനിറ്റിൽ മൻവീർ നൽകിയ മൈനസ് പാസ് ഇടംകാൽ ഷോട്ടിലൂടെ മക്ഹ്യു ഗോളാക്കി .(സ്കോർ 1-2) രാഹുലിൻ്റെ പുറത്താകലിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല.
ഈ തോൽവിയോടെ പ്ലേഓഫിലേക്കുള്ള നോക്കൗട്ട് മല്‍സരം ഹോംഗ്രൗണ്ടില്‍ കളിക്കാമെന്ന ബ്ലാസ്റ്റേഴ്സിൻ്റെ പ്രതീക്ഷ മങ്ങി. നിലവിലെ അവസ്ഥയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നോക്കൗട്ടില്‍ ഹോംഗ്രൗണ്ട് കിട്ടണമെങ്കില്‍ അടുത്ത മല്‍സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരേ ജയിക്കണം. അതോടൊപ്പം ബാംഗ്ലൂർ, എ ടി കെ എന്നീ ടീമുകൾ അടുത്ത മത്സരത്തിൽ തോൽക്കുകയോ സമനില ആകുകയോ വേണം. എന്നാൽ കൊച്ചിയിലെ നിറഞ്ഞ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് കളിക്കാം.